Thursday, March 31, 2022

"വിൽക്കുന്നില്ലിവിടം" കാവാലം നാരായണപ്പണിക്കർ

 വിൽക്കുന്നില്ലിവിടം 

കാവാലം  കവിത


എന്റെ കഥാകഥനമൊരുക്കിയ 

നിമ്നഗ വഴി വള്ളം കയറി - 

പ്പിന്നോട്ടു തുഴഞ്ഞെത്തുമ്പോൾ തടഭൂവിൽത്തലപൊക്കി-

ക്കാണുവതെൻ തറവാട് . ഹോമപ്പുകയില്ലാ-

ത്താശമവാടമിതിൻ 

കന്നിക്കോണിൽ സർപ്പക്കാവിൽ 

പുത്തൻ ഗ്രാമപ്പേച്ചു പഠിച്ചൊരു

തത്ത മൊഴിഞ്ഞു : “ വിൽക്കാനുണ്ടിവിടം " 

എന്റെ കൊതുമ്പിൻ വള്ളം 

കടവിലടുപ്പിച്ചൂ , 

കരയിലിറങ്ങീ ഞാൻ , 

പൂട്ടാത്ത പടിപ്പുരയിലിരുന്നു 

വിയർപ്പാറ്റിച്ചോദിച്ചൂ : “ ആരുണ്ടീത്തറവാട്ടിൽ ? ” 

നാൽച്ചുറ്റു മുഖപ്പീ- 

ച്ചോദ്യം കേട്ടു ഞടുങ്ങീ- 

ട്ടീവണ്ണം മറുപടിയോതീ:

ഇവിടെപ്പലരുമുറങ്ങുന്നു , -

ണ്ടവർ കണ്ണടയുംവരെ ജീവിച്ചവർ , മാളികമുകളിലെ- യെണ്ണച്ചായച്ചിത്രങ്ങളി-ലിന്നുമുണർന്നേ നില്പവർ ;

അവരിച്ചെറുതുണ്ടാം 

പുരയിടമിതിൽ 

നിറമായ് വളമായ്ക്കൂടുന്നു . 


ഒരു കാർണവരാറിൻഗതി 

മുട്ടിട്ടു തിരിച്ചി-

ട്ടാവഴികളിൽ നെൽവിളയിക്കാൻ ഭൂമിയൊരുക്കിയ ഭാർഗ്ഗവരാമൻ മണ്ണിന്നടിമകളോടൊ-

ത്താത്തെങ്ങിലുമീത്തെങ്ങിലു- 

മോരോ ചൊട്ട വിരിഞ്ഞെത്തുമ്പോഴും 

പാഴാകാത്തിളനീർ 

നിറകുംഭങ്ങളിൽ വന്നുംപോയുമിരിക്കുന്നു . 


കടലിൻ ഗോവണി കയറിപ്പാഞ്ഞവർ 

വായുവിമാനങ്ങളിൽ വിഹരിച്ചവർ , 

കാൽനട പോയവർ , 

എല്ലാരും കനകവുമായ് 

ദിക്കു ജയിച്ചു തിരിച്ചിവിടെ- 

ത്തായ ചുരന്ന മുലപ്പാലും 

താരാട്ടിലെ മധുരിമയും തേടിയണഞ്ഞോർമ്മകളാ- 

യലിയുന്നീ മണ്ണിൽ ... 


ഞാനെങ്ങും പോയില്ലാ

ഈക്കൈക്കനകം കൊണ്ടു നിറഞ്ഞില്ലാ, - 

ഒരു ദിക്കു ജയിച്ചില്ലാ ,-

എണ്ണച്ചായത്തിൽ മുഖച്ഛായ പകർന്നില്ലാ,-

ഓരോ ചൊട്ടയി- 

ലിളനീർക്കുടമായില്ലാ , എങ്കിലുമീത്തറവാട്ടുമഹത്വത്തിൻ 

കോലായിലിരുന്നു മനോരാജ്യം കാണുമ്പോൾ 

ഇല്ലാത്ത വലിപ്പം വെക്കുന്നു . 


ഇത്തറവാടിതു വിൽക്കാൻ 

ഞാനല്ലാതില്ലവകാശികൾ , 

അഥവാ ഞാനൊന്നു നിനച്ചാലീ-

ത്തറവാട്ടുവലിപ്പവുമിതിലെ-

പാരമ്പര്യമഹത്വവുമെല്ലാ- 

മെന്റെ കൊതുമ്പിൻതോണിയിലാക്കി- 

പ്പമ്പയിലാഴങ്ങളിൽ മുക്കിത്താഴ്ത്താം . 


അങ്ങനെയൊരു തലമുറയുടെ 

മായാത്ത മഹാമാന്ത്രികവൈഭവ-

മൊന്നാകെ നശിപ്പിക്കാൻ

എന്തവകാശമെനിക്കെന്നു നിനയ്ക്കുമ്പോൾ , 

എന്റെ മനസ്സിൻ കന്നിക്കോണിൽ 

സർപ്പക്കാവിൽ 

പുത്തൻതത്ത മൊഴിഞ്ഞു : 

“ വിൽക്കാനുണ്ടിവിടം . 


ചീർത്ത പഴഞ്ചൻ മാമൂലുകളുടെ 

മാറാലകൾ തൂത്തു വെടിപ്പാക്കാൻ 

വീടു തുറന്നപ്പോൾ 

വന്നൊരുവൻ മണ്ണിനു വിലപേശാൻ , 

പഴമയ്ക്ക് വലിപ്പം കണ്ടിട്ടോ - 

പഴമയൊഴിക്കാനാരോടെങ്കിലു- 

മച്ചാരം കൊണ്ടിട്ടോ , 

രണ്ടാകിലുമെന്റെ കുടുംബമഹത്വത്തിൻ 

ഭാരം താങ്ങാൻ 

എന്നെപ്പോലെ വരത്തനൊരുത്ത - 

ന്നെങ്ങനെയൊക്കും ? 


അവനീ നല്ല തടിക്കോളുള്ള 

കഴുക്കോലുകളുത്തരവും തൂണുകളും 

മേൽക്കൂടും കൂടെ നശിപ്പിച്ചിട്ടിവിടെ 

ക്കല്ലും കട്ടിക്കുമ്മായവുമാ- 

യൊപ്പിച്ച മുഖശ്രീയില്ലാത്തൊരു 

വീടുണ്ടാക്കും . 

മണിമാളികമുകളിലെ- 

യെണ്ണച്ചായച്ചിത്രങ്ങളടുക്കിക്കെട്ടി-

ക്കച്ചിരിപിച്ചിരിയാക്കി , - 

ക്കാലത്തിൻ വികൃതിത്തം 

നേരത്തേ കയ്യാളും . 


അല്ലെങ്കിൽത്തന്നേ 

ഞാനീത്തറവാടിതു വിൽക്കാതെയിരുന്നാ- 

ലെന്തുവരാൻ ? 

പട്ടിണിയിട്ടു കിടക്കും നെല്ലറയും തേങ്ങാക്കൂടും , 

വിത്തുവിതയ്ക്കാനിടമേകാതെ 

കരുത്തായ്ക്കളകയറിയ 

പാടനിലങ്ങളു- 

മെന്റെ വളക്കൂറുള്ള വിചാരങ്ങളു-

മൊക്കെയുമീ നാടിൻ 

മക്കൾക്കു പകുത്തു കൊടുക്കാം ..... 

 വീടിതു നാട്ടാരുടെ വീടാക്കാം .... 


ഇങ്ങനെ സാമൂഹ്യമനുഷ്യൻ 

നിന്നു വിജ്യംഭിക്കുമ്പോൾ , 

എന്റെ മനസ്സിൻ കന്നിക്കോണിൽ 

സർപ്പക്കാവിൽ പുത്തൻതത്ത മൊഴിഞ്ഞു : 

“ വിൽക്കാനുണ്ടിവിടം .” 


 ഞാനില്ലാതായാലെന്റേതെന്നില്ലല്ലൊ . 

ഞാനേയെന്റേതല്ലെന്നു നിനച്ചാൽ-

പ്പിന്നെയെനിക്കെങ്ങനെയീ

മണ്ണിനെ വിൽക്കാൻ കഴിയും ! 

സ്വൈരമൊഴിഞ്ഞു തളർന്നോ-

രെന്റെ മനസ്സിൻ കന്നിക്കോണിൽ 

സർപ്പക്കാവിൽപാർക്കും 

പുത്തൻതത്തെയ്ക്കിങ്ങനെയൊരു 

പുത്തൻപാഠം ഞാനുരുവിട്ടു കൊടുത്തു : 

“ വിൽക്കുന്നില്ലിവിടം . ” 


എന്റെ കഥാകഥനത്തിലെ 

നിമ്ഗ വഴിതിരികെപ്പോരുമ്പോൾ

എന്റെ കൊതുമ്പുംവള്ളത്തിൽ 

പഴമയിൽനിന്നു കൊഴിഞ്ഞ കുറേ- 

സ്വപ്നങ്ങൾ തളർന്നു കിടക്കുന്നു . ( 03-08-1986 ) 

Saturday, June 1, 2013

Saturday, January 5, 2008